ഈസ്റ്റർ ആശംസകൾ

ഈസ്റ്റർ അതിജീവനത്തിന്റ, പ്രത്യാശയുടെ പ്രതീകമാണ്…
പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക..
യുവകലാസാഹിതിയുടെ ഈസ്റ്റർ ആശംസകൾ..

എല്ലാവർക്കും യു.കെ യുവകലാസാഹിതിയുടെ പുതുവത്സരാശംസകൾ

ഓരോ പുതുവർഷവും ഒരു പുതിയ നോട്ട് ബുക്ക് പോലെയാണ്.
ഓരോ മനുഷ്യരും കടന്നു പോയ വർഷത്തെ വിലയിരുത്തുകയും പുതിയ വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാൻ മനസിനെ തയ്യാറാക്കുകയും ചെയ്യും.
അടിസ്ഥാനപരമായി നമ്മൾ എല്ലാവരും ആഗ്രഹിയ്ക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കുന്ന ഒരു ചുറ്റുപാട് ആകും. ഇത്തരം ഒരു ലോകം ആഗ്രഹിയ്ക്കുന്ന ഓരോ മനുഷ്യരും ചെയ്യേണ്ടത് വംശീയതയെയും വർഗീയതയെയും നമ്മളാലാകും വിധം അകറ്റി നിറുത്തുക എന്നതാണ്.
കോവിഡ് പോലെ ഒരു മഹാമാരിയെ തരണം ചെയ്തു കയറിയ ലോകം വംശീയ വർഗീയ വെറുപ്പകളിലേയ്ക്ക് നീങ്ങുന്ന, അതിനു കയ്യടിയ്ക്കുന്ന ആൾക്കൂട്ടവും അടങ്ങുന്ന ഒരു കാഴ്ചയ്ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്.
നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സാമ്പത്തിക പ്രയാസങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും സൃഷ്ട്ടിച്ചു എന്നതിനപ്പുറം മറ്റൊന്നും തന്നെ ഈ വെറുപ്പിന്റെ അന്തരീക്ഷം സമ്മാനിച്ചില്ല എന്നത് ഗൗരവതരമായി വിലയിരുത്തണം.
പുതു വർഷത്തിലെ പുതു നോട്ട്ബുക്കിൽ നമുക്ക് വെറുപ്പുകളുടെ സന്ദേശങ്ങൾക്കോ അതിന്റെ സന്ദേശവാഹകർക്കോ ഇടമില്ല എന്നത് ഒരു ദൃഢ തീരുമാനമായി എടുത്തു മുന്നേറാം .
അവർ പുരോഹിതരുടെ വേഷത്തിലോ മാധ്യമപ്രവർത്തകർ എന്ന ലേബലിലോ രാഷ്ട്രീയക്കാർ എന്നോക്കെ പറഞ്ഞു കടന്നു വന്നാലും നേരിട്ടോ അല്ലാതെയോ വെറുപ്പാണ് അവരുടെ അടിസ്ഥാനം എങ്കിൽ നമുക്ക് അകറ്റി നിറുത്താം.
ഒരു കലാസാംസ്കാരിക സംഘടനയ്ക്ക് അതിൽ വഹിയ്ക്കാനുള്ള പങ്ക് പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തുകൊണ്ട് യുവകലാസാഹിതിയും ഈ ലോകത്തോടൊപ്പമുണ്ടാകും.
എല്ലാവർക്കും യു.കെ യുവകലാസാഹിതിയുടെ പുതുവത്സരാശംസകൾ.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

യുകെ യുവകലാസാഹിതിയുടെ ക്രിസ്തുമസ് ആശംസകൾ

ലോകമെമ്പാടും യുദ്ധവെറികളുടെയും
വംശീയ വിദ്വേഷങ്ങളുടെയും പോർക്കളങ്ങളാമാകുമ്പോൾ…
സ്നേഹം കൊണ്ട് ഹൃദയം കീഴ്പ്പെടുത്താൻ പഠിപ്പിച്ച..
നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിയ്ക്കണം എന്ന് പഠിപ്പിച്ച…
സമൂഹം ഒറ്റപ്പെടുത്തി നിറുത്തിയ മനുഷ്യരെയും ചേർത്ത് പിടിച്ചു വ്യവസ്ഥിതികളെ വെല്ലു വിളിച്ച…
ലോകത്തിന്റെ പാപങ്ങൾ നീക്കാനായി കുരിശിൽ രക്തസാക്ഷിയായ…
യേശുകൃസ്തുവിന്റെ ജനനവും ജീവിതവും ഓർക്കേണ്ടതും പകർന്നു നൽകേണ്ടതും മുന്കാലങ്ങളേക്കാൾ പ്രസക്തമാണ്.
നമുക്ക് പര്സപര സ്നേഹത്തോടെ..
സഹോദര്യത്തോടെ…
ഒരു ലോകത്തിനു വേണ്ടി കൈകോർക്കാം…
ഈ ക്രിസ്തുമസ് ദിനത്തിൽ.
ലോകമെമ്പാടുമുള്ള മനുഷ്യർക്ക് യുകെ യുവകലാസാഹിതിയുടെ ക്രിസ്തുമസ് ആശംസകൾ.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

സ. കാനം രാജേന്ദ്രന്റെ അനുസ്മരണ യോഗം

യുവകലാസാഹിതി യുകെയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ കാനം രാജേന്ദ്രന്റെ അനുശോചന യോഗം സംഘടിപ്പിച്ചു.
സിപിഐ എക്കാലവും പുലർത്തിപ്പോന്ന അന്തസ്സും പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ച സ.കാനത്തിന്റെ വിയോഗം കമ്മ്യൂണിസ്റ് പാർട്ടികൾക്കും ഒപ്പം കേരള രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവുതന്നെയാണെന്ന് AIC ബ്രിട്ടൻ ആൻഡ് അയർലണ്ട് സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ അഭിപ്രായപ്പെട്ടു.
കാനം ഉയർത്തിയ ആശയവും ആവേശവും ഞങ്ങൾ കെടാതെ സൂക്ഷിക്കുമെന്നും ദീപ്തമായ ഓർമ്മകൾക്കുമുന്നിൽ യുവകലാസാഹിതി യുകെയുടെ അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നു എന്നും യോഗത്തിൽ യുവകലാസാഹിതി യുകെ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ലെജീവ് രാജൻ ആമുഖ പ്രഭാഷണം നടത്തി പറഞ്ഞു.
ഇടതുപക്ഷ ഐക്യം കാത്തു സൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കാനം തലമുറകൾക്ക് പ്രചോദനമാകുമെന്നു കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് അഭിപ്രായപ്പെട്ടു.
ഇടതു മൂല്യങ്ങളും ഇടത് മുന്നണിയെയും സമാന്തരമായി നയിച്ച നിലപാടുള്ള ആശയ വ്യക്തതയുള്ള കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവായിരുന്നു സഖാവ് കാനം രാജേന്ദ്രൻ.
കേരളത്തിലെ എൽ ഡി എഫ് സർക്കാരിന്റെ തിരിച്ചുവരവിനും തുടർച്ചക്കും കാനം രാജേന്ദ്രൻ – കോടിയേരി ബാലകൃഷ്ണൻ സഖ്യത്തിന്റെ പ്രവർത്തനങ്ങൾ കേരളരാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്. കാനം രാജേന്ദ്രന്റെ വേർപാടിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു യുഗാന്ത്യം കൂടെയാണ് എന്ന് ജോയിന്റ് സെക്രട്ടറി മുഹമ്മദ് നാസിം അനുശോചന പ്രഭാഷണം നടത്തി അഭിപ്രായപ്പെട്ടു.
കൃത്യമായ സമയങ്ങളിൽ രാഷ്ട്രീയ നിലപാട് എടുക്കുന്നതിൽ കാനം ഒരിക്കലും വൈമുഖ്യം കാണിച്ചിട്ടില്ല. കർമധീരനായ സഖാവ് കാനം രാജേന്ദ്രന്റെ ഓർമ്മകൾ നമ്മെ നയിക്കട്ടെ എന്ന് യുവകലാസാഹിതി പ്രസിഡന്റ് അഭിജിത്ത് പ്രദീപ്കുമാർ അനുശോചന പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് തൊഴിലാളിവർഗത്തിനിടയിൽ, അസംഘടിത മേഖലയിലെ തൊഴിലാളികളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ, ഐടി, സിനിമാ നിർമ്മാണ യൂണിറ്റുകൾ മുതലായവയെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്ന നേതാവായിരുന്നു കാനമെന്ന് IWA UK സെക്രട്ടറി ലെയോസ് പോൾ അഭിപ്രായപ്പെട്ടു.
യുകെയിലെ പ്രമുഖ സംഘടനകൾ പങ്കെടുത്ത യോഗത്തിൽ യുവകലാസാഹിതി യുകെ പ്രസിഡന്റ് അഭിജിത്ത് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.
ലോക കേരള സഭാ അംഗങ്ങളായ അഡ്വ. ദിലീപ് കുമാർ, ആഷിഖ് മുഹമ്മദ് നാസർ, സുനിൽ മലയിൽ, പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി മാനുവൽ മാത്യു, കെഎംസിസി നേതാവായ അർഷാദ്, മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, പ്രവാസി കേരളാ കോൺഗ്രസിനു വേണ്ടി ജിജോ അരയത്, AIC നേതാക്കളായ ബിജു ഗോപിനാഥ്, ജനേഷ്, SFI UK യെ പ്രതിനിധീകരിച്ച് വിശാൽ ഉഷ ഉദയകുമാർ, തുടങ്ങിയ നിരവധിപേർ കാനത്തെ അനുസ്മരിച്ചു.
അനുശോചനയോഗം വൻ വിജയമാക്കിയ എല്ലാവരെയും ഹൃദയാഭിവാദ്യം ചെയ്യുന്നു.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

സ. കാനം രാജേന്ദ്രന് യുവകലാസാഹിതി യുകെയുടെ അന്ത്യാഭിവാദനങ്ങൾ

ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഒരാളാണ് ശരിയായ കമ്മ്യൂണിസ്റ്റ് . അതിനെ കുറിച്ചുണ്ടാകുന്ന വിമർശനങ്ങൾ കേൾക്കുമ്പോൾ തന്നെ ഉത്തമബോധ്യത്തിന്റെ ഉരകല്ലിൽ പരിശോധിച്ച് വേണ്ടത് മാത്രം സ്വീകരിക്കുകയാണ് അവർ ചെയ്യുക.
ആ മാനദണ്ഡങ്ങളിൽ ഈ കാലം കണ്ട ശ്രേഷ്ഠനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു സ.കാനം രാജേന്ദ്രൻ.
വളരെ ചെറിയ പ്രായത്തിൽ എം എൻ , ടി വി , അച്ചുതമേനോൻ , S കുമാരൻ , NE ബാലറാം അടക്കമുള്ള മഹാരഥർക്ക് കീഴിൽ കിട്ടിയ പരിശീലനം കാനത്തിന് നൽകിയത് അദ്വിതീയമായ ആശയവ്യക്തതയാണ്. യുവജന ഫെഡറേഷൻ നേതാവെന്ന നിലയിലും ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എന്ന നിലയിലും കാനത്തെ സ്ഫുടം ചെയ്തത് ഈ അനുഭവങ്ങളാണ്.
ശബരിമല സമര കാലത്ത് കേരളം ഈ ആശയ വ്യക്തത തൊട്ടറിഞ്ഞു. സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കാൻ ഒരു ശക്തിയെയും കാനം അനുവദിച്ചില്ല. പല കുപ്രചരണങ്ങളുടെയും കാറ്റ് വജ്രസൂചിസമാനമായ ഒറ്റവാക്കിൽ കാനം കുത്തി വിട്ടു. തുടർഭരണത്തിന് ഈ സർക്കാരിനെ പ്രാപ്തമാക്കുന്നതിൽ മുഖ്യമന്ത്രിക്കും സ. കോടിയേരിക്കും ഒപ്പം തന്നെയാണ് സ.കാനം രാജേന്ദ്രന്റെ സാന്നിധ്യം.
പറയാനുള്ളത് പറയാൻ കാനം മടിച്ചിട്ടില്ല. പക്ഷെ അത് തന്റെ പ്രസ്ഥാനത്തിനും മുന്നണിക്കും ആത്യന്തികമായി ഉണ്ടാക്കുന്ന ഫലത്തെ കുറിച്ച് കാനത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
ഉഭയകക്ഷി ചർച്ചയിലൂടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനത്തെ കാനം മാനിച്ചു , ശക്തിപ്പെടുത്തി. പരസ്യ വിമർശനം തനിക്കും പാർട്ടിക്കും പൊതു സമൂഹത്തിൽ നേടി തരുന്ന ഖ്യാതി വോട്ടായി മാറില്ല എന്ന് സത്യസന്ധമായി തുറന്ന് പറയാൻ അദ്ദേഹം മടിച്ചില്ല. ഇതിന്റെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടിയ മഞ്ഞപ്പത്രങ്ങളെ തൃണവൽഗണിച്ചു.
അതേസമയം തന്നെ മാവോയിസ്റ്റ് കൊലയിലും യു എ പി എ ദുരുപയോഗത്തിലും പാർട്ടി ദേശീയ നയത്തിൽ ഉറച്ച് നിന്ന് കാനം ഉയർത്തിയ വിമർശനങ്ങൾ കേരള സമൂഹം സർവ്വാത്മനാ സ്വീകരിച്ചു.
ഒരു പോരാളിയുടെ അഭാവം കേരളത്തെ വേദനിപ്പിക്കുന്ന ദിനങ്ങളാണ് ഇനി മുന്നിൽ. കർമ്മധീരനായ സ. കാനം രാജേന്ദ്രന്റെ ഓർമ്മകൾ നമ്മെ നയിക്കട്ടെ .
യുവകലാസാഹിതി യുകെയുടെ അന്ത്യാഭിവാദനങ്ങൾ..
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

യുവകലാസാഹിതി യു.കെയുടെ പുതിയ ലോഗോ പ്രകാശനം

രാജ്യസഭാ അംഗം സ.ബിനോയ് വിശ്വം, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സ. പി പി സുനീർ, സിപിഐ നാഷണൽ കൺട്രോൾ കമ്മിറ്റി അംഗം സ.സത്യൻ മൊകേരി എന്നിവർ ചേർന്നു യുവകലാസാഹിതി യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്യപ്പെട്ടവിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഷാർജ ബുക്ക് ഫെസ്റ്റിവലുമായി അനുബന്ധിച്ചു നടന്ന ചടങ്ങിൽ നമ്മളെ പ്രതിനിധീകരിച്ച് യുവകലാസാഹിതി യു.കെ ട്രഷറർ സ. മനോജ് കുമാർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സ. രഥുൻ രഞ്ജൻ എന്നിവർ പങ്കെടുത്തു.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi

ശ്രീ. കെജി ജോർജ് -പ്രിയ കലാകാരന് യു കെ യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ

പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നു സിനിമ സംവിധാനത്തിൽ ഡിപ്ലോമയുമായി മലയാള സിനിമയിൽ മാറ്റത്തിന്റെ യവനിക ഉയർത്തിയ സംവിധായകൻ ആയിരുന്നു ശ്രീ. കെജി ജോർജ്.
രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച ശ്രീ.കെജി ജോർജ് മലയാള സിനിമയിൽ ഒരു പൊളിച്ചെഴുത്ത് തന്നെ നടത്തി മലയാള സിനിമയെ ഒരു ആഗോള നിലവാരത്തിലേക്ക് വഴി തിരിച്ചു എന്ന് തന്നെ പറയാം.
പ്രണയവും പ്രതികാരവും കുറ്റാന്വേഷണവും മനഃശാസ്ത്രവും സർക്കാസവും ഒക്കെ പ്രമേയമായി അന്ന് വരെ മലയാള സിനിമ കണ്ടു പരിചയമില്ലാത്ത പാറ്റേർണിൽ ശ്രീ. കെജി ജോർജ് സിനിമകൾ ഒരുക്കി. തന്നെ രൂപപ്പെടുത്തിയ ചുറ്റുപാടുകൾ ഒരുവനെ വേട്ടക്കാരനും ഇരയുമാക്കുന്ന മനഃശാസ്ത്രം പറഞ്ഞ ഇരകൾ , മേളയിലും സ്വപ്നാടനത്തിലും ചിത്രീകരിയ്ക്കപ്പെട്ട പ്രണയം , യവനികയിൽ കണ്ട ത്രസിപ്പിയ്ക്കുന്ന കുറ്റാന്വേഷണം എന്നിവയെല്ലാം മനുഷ്യന്റെ പച്ചയായ ജീവിതത്തോട് ചേർന്ന് നിന്നു.
കേവലം കച്ചവട സിനിമകളുടെ സാധ്യതകൾ.. അത് നൽകുന്ന പ്രശസ്തി മാത്രമായിരുന്നില്ല ശ്രീ കെജി ജോർജ് എന്ന കലാകാരനെ നയിച്ചത്, മറിച്ച്‌ സിനിമ എന്ന കലാരൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആയിരുന്നു. 1987 ൽ തിരുവനന്തപുരത്ത് യുവകലാസാഹിതി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ചലച്ചിത്ര ക്യാമ്പിൻ്റെ ഡയറക്ടർ ആയി പ്രവർത്തിച്ച അദ്ദേഹം ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ 7 ദിവസത്തെയും മുഴുവൻ സമയവും ക്യാമ്പിനായി നീക്കിവച്ചത് അതിനൊരു ഉദാഹരണമായി ചൂണ്ടി കാട്ടാം.
പൂർണതകളുടെ സംവിധായകനായിരുന്നു ശ്രീ. കെജി ജോർജ് . കാലഘട്ടത്തിന്റെ സിനിമകൾക്കു അപ്പുറം കാലഘട്ടത്തെ അതിജീവിച്ച സിനിമകൾ സമ്മാനിച്ച പ്രിയ കലാകാരന് യു കെ യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi
1 3 4 5 6 7