കേരളത്തിലെ കലാസാംസ്‌കാരിക രംഗത്ത് നാൽപത്തി എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി പുരോഗമന വീക്ഷണമുള്ള എഴുത്തുകാരുടേയും കലാകാരന്‍മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പൊതുവേദിയാണ്.
കഴിഞ്ഞ നാലര പതിറ്റാണ്ടുകാലം കലാസാംസ്‌കാരിക പരിസ്ഥിതി രംഗത്ത് ഇടമുറിയാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലയാണ്മയുടെ അവിഭാജ്യ ഘടകമാവാൻ യുവകലാസാഹിതിക്ക് കഴിഞ്ഞിട്ടുണ്ട്.
കലാകാരനും എഴുത്തുകാരനും സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് യുവകലാസാഹിതി. സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ സന്ദേശമാണത് പ്രകാശിപ്പിക്കുന്നത്. വേദനിക്കുന്ന മനസുകളോടുളള ഐക്യദാര്‍ഢ്യമാണ് അതിന്റെ ഉള്‍ക്കരുത്ത്. ഏകതയുടെ ദാര്‍ശനിക രശ്മികള്‍ ഉദയം കൊള്ളുന്ന മനസുകളില്‍ ജാതി-മത-വര്‍ഗീയ ശൈഥില്യങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും സ്ഥാനമില്ലെന്ന് യുവകലാസാഹിതി കരുതുന്നു.
നവോത്ഥാന ചിന്തകളുടെ കാവലാളുകളായ യുവകലാസാഹിതി പ്രവര്‍ത്തകര്‍ മനുഷ്യരക്തം കൊണ്ട് അധികാരമുറപ്പിക്കുന്ന ആഗോള ഭീകരതക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ പാരസ്പര്യത്തെ വിനയപൂര്‍വം തിരിച്ചറിയുകയും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് സംഘശക്തി പകരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.