കേരളത്തിലെ കലാസാംസ്‌കാരിക രംഗത്ത് നാൽപത്തി എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി പുരോഗമന വീക്ഷണമുള്ള എഴുത്തുകാരുടേയും കലാകാരന്‍മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പൊതുവേദിയാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടുകാലം കലാസാംസ്‌കാരിക പരിസ്ഥിതി രംഗത്ത് ഇടമുറിയാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലയാണ്മയുടെ അവിഭാജ്യ ഘടകമാവാൻ യുവകലാസാഹിതിക്ക് കഴിഞ്ഞിട്ടുണ്ട്.
കലാകാരനും എഴുത്തുകാരനും സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് യുവകലാസാഹിതി. സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ സന്ദേശമാണത് പ്രകാശിപ്പിക്കുന്നത്. വേദനിക്കുന്ന മനസുകളോടുളള ഐക്യദാര്‍ഢ്യമാണ് അതിന്റെ ഉള്‍ക്കരുത്ത്. ഏകതയുടെ ദാര്‍ശനിക രശ്മികള്‍ ഉദയം കൊള്ളുന്ന മനസുകളില്‍ ജാതി-മത-വര്‍ഗീയ ശൈഥില്യങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും സ്ഥാനമില്ലെന്ന് യുവകലാസാഹിതി കരുതുന്നു.
നവോത്ഥാന ചിന്തകളുടെ കാവലാളുകളായ യുവകലാസാഹിതി പ്രവര്‍ത്തകര്‍ മനുഷ്യരക്തം കൊണ്ട് അധികാരമുറപ്പിക്കുന്ന ആഗോള ഭീകരതക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ പാരസ്പര്യത്തെ വിനയപൂര്‍വം തിരിച്ചറിയുകയും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് സംഘശക്തി പകരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.
ഒരുമയും സ്‌നേഹവും ഐക്യവും കടലാസിലുറങ്ങേണ്ട അക്ഷരവിന്യാസമല്ലെന്ന കാഴ്ചപ്പാട് യുവകലാസാഹിതി ഉയര്‍ത്തിപ്പിടിക്കുന്നു.
സി.അച്ചുതമേനോൻ ,തകഴി,തോപ്പിൽ ഭാസി, വയലാർ രാമവർമ്മ, തിരുനല്ലൂർ കരുണാകരൻ, ഓ.എൻ.വി.കുറുപ്പ്, കണിയാപുരം രാമചന്ദ്രൻ, തോപ്പിൽ ഗോപാലകൃഷ്ണൻ തുടങ്ങിയ മഹാപ്രതിഭകളുടെ സാന്നിദ്ധ്യത്തിൽ 1975 ൽ കായംകുളം കെ പി എ സി അങ്കണത്തിൽ  രൂപംകൊണ്ട യുവകലാസാഹിതിക്ക് പോയകാലങ്ങളിൽ നോവലിസ്റ്റുകളായ സി.രാധാകൃഷ്ണൻ ,മാടമ്പ് കുഞ്ഞുകുട്ടൻ, നിരൂപകൻ ഡോ : ടി.പി.സുകുമാരൻ, എൻ.സി. മമ്മുട്ടി തുടങ്ങി പ്രമുഖരായ വർ നേതൃത്വം നല്കി.
മാനവികതയും മതനിരപേക്ഷ മൂല്യങ്ങളും കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയ കാലിക സാഹചര്യങ്ങളിൽ ” ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം” എന്ന മൗലിക മുദ്രാവാക്യം യുവകലാസാഹിതി ഉയർത്തിപ്പിടിക്കുന്നു. എഴുത്തുകാരനും പ്രഭാഷകനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രസിഡന്റും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ.എം.സതീശൻ ജനറൽ സെക്രട്ടറിയുമായി നിലവിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി കേരളത്തിലെ സാഹിത്യ കലാ സാംസ്കാരിക പാരിസ്ഥിതിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
യു എ ഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ കലാസാംസ്കാരിക വിഷയങ്ങളിൽ തല്പരരായ പ്രവാസി മലയാളികൾക്കിടയിലും യുവകലാസാഹിതി യുടെ പ്രവർത്തനങ്ങൾ സജീവമാണ്. ഇപ്പോൾ യു.കെയുടെ കലാ-സാംസ്‌കാരിക മേഖലയിൽ നിറ സാന്നിധ്യമായി യുവകലാസാഹിതിയും പ്രവർത്തിക്കുന്നു.