ആഗസ്റ്റ് 15, 2024: 77 വർഷം പിന്നിടുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ സമർപ്പണവും ത്യാഗങ്ങളും സ്മരിക്കുന്ന ഈ ദിവസം, നമ്മുടെ രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി ആലോചിക്കാൻ ഒരു ഇടവേള എടുക്കേണ്ട സമയമാണിത്. നമുക്ക് സ്വാതന്ത്ര്യം നൽകിയ വിശാലതയും, ജനാധിപത്യത്തിന്റെ ശക്തിയും, രാജ്യത്തിന്റെ വിവിധത്വവും ഒരേ വേളയിൽ ഓർക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ, സുതാര്യത, കൂട്ടായ്മ ഒക്കെ നിലവിൽ ഭീഷണിയിലാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭരണകൂടം നടത്തുന്ന നീതി നിഷേധം നമ്മുടെ സ്വാതന്ത്ര്യത്തിൻറെ അടിസ്ഥാനം തകർക്കുന്നു.

നാം മറക്കരുത്, സ്വാതന്ത്ര്യം എന്നത് വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒരുമിച്ചു നിലകൊണ്ട് നേടിയതാണ്. ഇന്ന് നമ്മൾ കാണുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള വർഗീയതയും അനാചാരങ്ങളും രാജ്യത്തെ ഒന്നായി നിറുത്താതെ താളം തെറ്റിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ, നാം നമുക്ക് ആവതു ഒക്കെ ചെയ്യാം . തികഞ്ഞ ജനാധിപത്യത്തിന്റെ പാതയിലേക്കുള്ള തിരിച്ചുവരവ് നമുക്ക് നിർബന്ധമാക്കാം.

ഭരണകൂടത്തിന്റെ അതിക്രമവും വിവേചനവും ശക്തമാകുമ്പോൾ, കലയുടെയും സാഹിത്യത്തിന്റെയും പ്രതിരോധശക്തി വെറും ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും അതിരുകൾ മറികടന്ന് സാമൂഹ്യ മാറ്റത്തിന്റെയും ജനാധിപത്യത്തിന്റെ സംരക്ഷണത്തിന്റെയും പാതയിലേക്ക് വീണ്ടും ഉയരേണ്ടത് അനിവാര്യമായി മാറുന്നു. ആ ഉത്തരവാദിത്തവുമായി യുവകലാസാഹിതിയും ഒപ്പമുണ്ടാകും

ഈ സ്വാതന്ത്ര്യ ദിനം, നമുക്ക് ഒരുമിച്ച് നിന്നു സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആത്മാവിനെ കാത്തുസൂക്ഷിക്കാം. ഭയപ്പെടാതെ യാഥാർത്ഥ്യത്തെ തുറന്നുകാട്ടാം.

ജയ് ഹിന്ദ്!

Leave a Reply

Your email address will not be published. Required fields are marked *