കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ അതീവ പ്രധാനമായ ഒരു സ്ഥാനമാണ് സ.തോപ്പിൽ ഭാസിക്കും അദ്ദേഹം നയിച്ച കെ പി എ സിക്കും ഉള്ളത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം കേരളത്തെ 1957 ൽ സിന്ദൂരപ്പൊട്ടണിയിക്കുന്നതിൽ നിർണ്ണായകമായി.
നാടകകാരൻ, തിരക്കഥാകൃത്ത്, ആദ്യ കേരള സഭയിലെ അംഗം എന്നീ നിലയിൽ തോപ്പിൽ ഭാസിയുടെ ചരിത്ര സ്ഥാനം അദ്വിതീയമാണ്.
യുവകലാസാഹിതി യുകെ സാമൂഹിക സാംസ്കാരിക കലാ രാഷ്ട്രീയ രംഗത്തെ സംഭാവനകൾക്ക് ഒരു അവാർഡ് നൽകാൻ തീരുമാനിച്ചപ്പോൾ തോപ്പിൽ ഭാസി എന്ന സകലകലാവല്ലഭന്റെ പേരിൽ തന്നെ വേണം എന്ന അഭിപ്രായം ഏകകണ്ഠമായിരുന്നു.
രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾക്ക് ട്രോളുകളും മീമുകളും ആയുധമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. പല വിധത്തിലുള്ള ഏകാധിപത്യ പ്രവണതകൾ ശക്തമായി പുലർന്നിരുന്ന ഒരു കാലത്ത് ഉയർന്നുവന്ന ശക്തമായ ഒരു വിമർശനകലയായിരുന്നു തുള്ളൽ. അന്ന് നിലനിന്നിരുന്ന ആക്ഷേപ ഹാസ്യ കലയായിരുന്ന ചാക്യാർ കൂത്തിലുണ്ടായ ചില സംഭവങ്ങളാണ് തുള്ളലിന്റെ പിറവിക്ക് നിദാനമായത്. ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തമായ വിമർശനങ്ങൾക്ക് ഉപയോഗിക്കുന്ന പല പദ്യ ശകലങ്ങളും തുള്ളലിന്റെ പിതാവായ ശ്രീ കുഞ്ചൻ നമ്പ്യാരുടേതാണ്.
യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത് തുള്ളൽ കലാകാരനായ ശ്രീ മണലൂർ ഗോപിനാഥാണ്.
കേരളത്തിൻറെ അഭിമാനമായ കേരള കലാമണ്ഡലത്തിന്റെ മികവാർന്ന ഒരു ഉത്പന്നമാണ് ശ്രീ ഗോപിനാഥ്. കേരളത്തിലും കേരളത്തിൻറെ പുറത്തും ധാരാളം വേദികളിൽ ശക്തമായ സാന്നിധ്യമാണ് ശ്രീ ഗോപിനാഥ്. തുള്ളൽ എന്ന കലയെ ജനസമൂഹത്തിൽ എന്നും ശക്തമായ സാന്നിധ്യമായി നിലനിർത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം നൽകുന്നത്.
കേരള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ചു തന്റെ മുഴുവൻ സമയവും തുള്ളൽ കലയുടെ പരിശീലനത്തിനും പരിഭോഷണത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ് ശ്രീ. മണലൂർ ഗോപിനാഥ്.
2024 ഓഗസ്റ്റ് 11 ഞായറാഴ്ച്ച Milton Keynes, Marsh Drive Community center-ൽ നടക്കുന്ന യുവകലാസാഹിതി യുകെ കൺവെൻഷനിൽ വെച്ച് ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *