പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നു സിനിമ സംവിധാനത്തിൽ ഡിപ്ലോമയുമായി മലയാള സിനിമയിൽ മാറ്റത്തിന്റെ യവനിക ഉയർത്തിയ സംവിധായകൻ ആയിരുന്നു ശ്രീ. കെജി ജോർജ്.
രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച ശ്രീ.കെജി ജോർജ് മലയാള സിനിമയിൽ ഒരു പൊളിച്ചെഴുത്ത് തന്നെ നടത്തി മലയാള സിനിമയെ ഒരു ആഗോള നിലവാരത്തിലേക്ക് വഴി തിരിച്ചു എന്ന് തന്നെ പറയാം.
പ്രണയവും പ്രതികാരവും കുറ്റാന്വേഷണവും മനഃശാസ്ത്രവും സർക്കാസവും ഒക്കെ പ്രമേയമായി അന്ന് വരെ മലയാള സിനിമ കണ്ടു പരിചയമില്ലാത്ത പാറ്റേർണിൽ ശ്രീ. കെജി ജോർജ് സിനിമകൾ ഒരുക്കി. തന്നെ രൂപപ്പെടുത്തിയ ചുറ്റുപാടുകൾ ഒരുവനെ വേട്ടക്കാരനും ഇരയുമാക്കുന്ന മനഃശാസ്ത്രം പറഞ്ഞ ഇരകൾ , മേളയിലും സ്വപ്നാടനത്തിലും ചിത്രീകരിയ്ക്കപ്പെട്ട പ്രണയം , യവനികയിൽ കണ്ട ത്രസിപ്പിയ്ക്കുന്ന കുറ്റാന്വേഷണം എന്നിവയെല്ലാം മനുഷ്യന്റെ പച്ചയായ ജീവിതത്തോട് ചേർന്ന് നിന്നു.
കേവലം കച്ചവട സിനിമകളുടെ സാധ്യതകൾ.. അത് നൽകുന്ന പ്രശസ്തി മാത്രമായിരുന്നില്ല ശ്രീ കെജി ജോർജ് എന്ന കലാകാരനെ നയിച്ചത്, മറിച്ച് സിനിമ എന്ന കലാരൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആയിരുന്നു. 1987 ൽ തിരുവനന്തപുരത്ത് യുവകലാസാഹിതി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ചലച്ചിത്ര ക്യാമ്പിൻ്റെ ഡയറക്ടർ ആയി പ്രവർത്തിച്ച അദ്ദേഹം ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ 7 ദിവസത്തെയും മുഴുവൻ സമയവും ക്യാമ്പിനായി നീക്കിവച്ചത് അതിനൊരു ഉദാഹരണമായി ചൂണ്ടി കാട്ടാം.
പൂർണതകളുടെ സംവിധായകനായിരുന്നു ശ്രീ. കെജി ജോർജ് . കാലഘട്ടത്തിന്റെ സിനിമകൾക്കു അപ്പുറം കാലഘട്ടത്തെ അതിജീവിച്ച സിനിമകൾ സമ്മാനിച്ച പ്രിയ കലാകാരന് യു കെ യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ.
#yuvakalasahithyuk #yuvakalasahithiuk #yuvakalasahithy #yuvakalasahithi